Sunday, August 4, 2013

നിങ്ങളും 'റാബിയ്യ അദബിയ്യ' സമരക്കാരനാവുക!


മറൈൻ ഡ്രൈവിലെ സമര ചത്വരവും ഈജിപ്തിലെ 'റാബിയ്യ അദബിയ്യ' ചത്വരവും തമ്മിലുള്ള ദൂരവും, കേരളവും ഖൈറോവും തമ്മിലെ അകലവും മുസ്ലിം സാഹോദര്യത്തിന് മുന്നിൽ എത്ര നിസ്സാരമാണ് എന്നാണ് കഴിഞ്ഞ രണ്ട് ദിനരാത്രങ്ങൾ നമ്മെ പഠിപ്പിക്കുന്നത്, ആശയ വൈവിധ്യങ്ങൾ പരസ്പരം സഹകരിക്കുന്നതിൽ തടസ്സമാവേണ്ട എന്നും ഈ സംഗമം വിളിച്ച് പറയുന്നു, പൊതു ഇടത്തെ വിഷം കുത്തിവെച്ച് മലിനമാക്കുന്ന സെക്യുലർ ബോധത്തെയും, മുസ്ലിം വിരുദ്ധമായ മാധ്യമ അജണ്ടകളും, സാമ്രാജ്യത്വ പാദസേവകരായ അറബ് ശൈഖന്മാരുടെ ദുർഗതിയും ഐക്യദാർഡ്യത്തിൻറെ കേരളീയ ചത്വരം നമ്മെ വായിപ്പിക്കുന്നു.



രാപ്പകൽ സമരമെന്ന നിരായുധ ആധുനിക സമരമുറ 'അറബ് വസന്തം' തുനീഷ്യയിൽ നിന്ന് വാൾസ്ട്രീറ്റ് പ്രക്ഷോഭങ്ങൾ വഴി ലോകമെമ്പാടും കൊളുത്തിവിട്ട ദീപശിഖാ പ്രയാണത്തിൻറെ ബാക്കി പത്രമാണ്‌, ഇസ്ലാമിൻറെ തന്നെ ചെറുത്തു നില്ക്കാനുള്ള ശേഷിയെ അത് ആവിഷ്കരിക്കുന്നു.
 ഇവിടെ ഓരോരുത്തരും തങ്ങളെ സ്വയം സമര മുഖത്തേക്ക് പറിച്ചു നടുകയാണ്‌. കുടുംബ-സാമൂഹ്യ-രാഷ്ട്രീയ-വിദ്യാഭ്യാസ വ്യവഹാരങ്ങൾ ഇവിടെ സർഗാത്മകമായി പുനർ നിർമാണമാരംഭിക്കുന്നു. സഹകരണവും സൌഹൃദവും പുതിയ വിപ്ലവങ്ങളിലെ ഇന്ധനമാവുന്നു.
വേദഗ്രന്ഥത്തിലെ ആഹ്വാനവും പ്രവാചകന്മാരുടെ പാഠങ്ങളും ഇവിടെ ഉയർന്നു കേൾക്കുന്നു, നോമ്പും നമസ്കാരവും പുതിയ ഭാവങ്ങൾ പകരുന്നു, ഇതിനൊക്കെ ഉപരിയായി ഇസ്ലാമിൻറെ വിമോചന സന്ദേശം പകർന്നു നൽകുന്ന ആവേശവും പ്രചോദനവും അവരെ സമരത്തിൽ എത്ര പ്രതികൂലമായ സാഹചര്യത്തിൽ പോലും ഒന്നിച്ച് നിർത്തുന്നു. 


മലയാളികൾ കൊച്ചിയിലെ അദവിയ്യ ചത്വരത്തിലെ മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുമ്പോൾ ഭാഷാ വൈചാത്യവും സാംസ്കാരിക അന്തരവും വിശുദ്ധ വേദം പറഞ്ഞ പോലെ തിരിച്ചറിയാൻ മാത്രമായി.
കേരളത്തിലെ മുസ്ലിം പാരമ്പര്യത്തെ വലിയ തോതിൽ സംഗമം ഉയർത്തിപ്പിടിക്കുന്നു, അറബി ക്കടലിൻറെ തീരത്ത്  ഗാമമാരുടെ അധിനിവേശ കപ്പലുകൾ നങ്കൂരമിടാൻ സമ്മതിക്കാതെ കടലിലേക്ക് ഇറങ്ങി ചെന്ന് ചെറുത്തു നിൽപ്പ് നടത്തിയ കുഞ്ഞാലി മരക്കാരുടെ പേരമക്കൾ ഉറക്കം നടിക്കുകയോ ???
കൊളോണിയൽ അധിനിവേഷത്തിനെതിരെ തുഹ്ഫത്തുൽ മുജാഹിദീൻ എന്ന സ്വാതന്ത്ര ആഹ്വാന ഗ്രന്ഥം രചിച്ച പൊന്നാനി യിലെ ശൈഖ് സൈനുദ്ധീൻ മഖ് ദൂമുമാരുടെ പിന്മുറക്കാർക്ക് ഇതിനോടെങ്ങനെ പിന്തിരിഞ്ഞു നില്ക്കാൻ കഴിയും ???
വൈദേശിക ശക്തികൾക്കെതിരെ പള്ളിമിമ്പറുകളിൽ നിന്നും പോരാട്ടത്തിനു ആഹ്വാനം നടത്തിയ ഉമർ ഖാളിമാരുടെയും മമ്പുറം തങ്ങന്മാരുടെയും പുതിയ തലമുറ ജനാധിപത്യം അറുകൊല ചെയ്യപ്പടുമ്പോൾ മൌനികളാവുകയോ ???



ഈ റമദാനിലെ ഏറ്റവും ലളിതമായ നോമ്പുതുറ ഈ മഹാ സഞ്ചയത്തിനൊപ്പമായതും അവിസ്മരണീയമാണ്, ഒരു കാരക്കയും ഒരു സമൂസയും 6 പത്തിരിയും ഇത്തിരി കറിയും അല്പം വെള്ളവും സമൃദമായി ഇഫ്താറുകൾ നടക്കുന്ന കേരളത്തിനു പുതിയ ദിശ നല്കുന്നു, ജീര കഞ്ഞിയും സുലൈമാനിയും ചോറും അച്ചാറുമടങ്ങുന്ന വലുതല്ലാത്ത  അത്തായവും സമര മുഖത്താണ്‍ എന്ന് വിളിച്ച് പറയുന്നുണ്ട്.

നമ്മുടെ പ്രാർത്ഥനകൾ  രക്ത സാക്ഷികൾക്കുവേണ്ടി മാത്രമാവരുത് എന്നും സ്വയം ദൈവ മാർഗ്ഗത്തിൽ സമയവും, സമ്പത്തും, പഠനവും, ചിന്തയും, അധ്വാനവും, വിയർപ്പും, രക്തവും, ജീവനും സമർപ്പിക്കാൻ വേണ്ടി കൂടിയാവണം എന്നും തിരിച്ചറിയാൻ ഈ രാപ്പകൽ സമരം കാരണമായി.


ബാങ്കൊലികളും, സമര ഗാനങ്ങളും, ഖുർആൻ പാരായണവും, പ്രക്ഷോഭ കവിതകളും, ഹൃദയഹാരിയായ സംഭാഷണങ്ങളും, നമസ്കാരത്തിലെ ചലനങ്ങളും, ഉച്ചത്തിൽ വായിക്കപെട്ട ഫേസ്ബുക്ക് സംഭാഷണവും, അകലെയിരുണ്‍ ഐക്യപെട്ട വരുടെ സന്ദേശ വായനയും,  തക്ബീർ ധ്വനികളും, ഹർഷാരവങ്ങളും, കുഞ്ഞു മക്കളുടെ കരച്ചിലുകളും, ഉമ്മ മാരുടെ താരാട്ടും, മഴയുടെ സംഘഗാനങ്ങളും,വിത്റിലെ കണ്ണീർ പോയിക്കുന്ന പ്രാർത്ഥനകളും,  കൂട്ടായ ആമീൻ പറയലും, ചളിയിൽ പൂണ്ട വാഹനം സന്നദ്ധ വളണ്ടിയർമാർ കലാസി കലയോടെ പുറത്തെടുത്തതും, സാങ്കേതിക സംവിധാനങ്ങൾ ഒച്ചവെച്ചതും, വാർധക്യം ബാധിച്ചവരുടെ നിശ്വാസങ്ങളും, അത്തായം വിളമ്പുന്ന പാത്രങ്ങളും, കഞ്ഞി കുടിക്കുന്ന കോപ്പയും, പാദരക്ഷകൾ സൂക്ഷിക്കുന്ന പ്ളാസ്റ്റിക്ക് ബാഗുകളും, മൊബൈൽ ഫോണുകളുടെ അലർച്ചയും, കാമറകളുടെ മിന്നിമറിയലുകളും, ബക്കറ്റിൽ പണം നിക്ഷേപിക്കലും , സൂക്ഷ്മമായ നേർത്ത സംഭാഷണങ്ങളും, കൃത്യമായ സംഘാടന നിർദേശങ്ങളും ചേർന്നൊരുക്കിയ 'റാബിയ്യ അദബിയ്യ'  മികച്ച ദൃശ്യ, ശബ്ദ, ആസൂത്രണ സമര സംഗമമാവുകയാരുന്നു ജമാഅത്തെ ഇസ്ലാമിയും പോഷക സംഗങ്ങളും ചേർന്ന് ഒരുക്കിയഈജിപ്തിലെ ജനാധിപത്യ പുന:സ്ഥാപന സമരങ്ങൾക്കുള്ള ഐക്യദാർഡ്യം. 


ആറ്റി കുറുക്കി പറഞ്ഞാൽ :
സ്വാതന്ത്ര ത്തിനും നീതിക്കും വേണ്ടിയുള്ള പാതിരാവിലെ പ്രാത്ഥനയും പകലിലെ പോരാട്ടവും ഒത്തു ചേരുന്നിടത്ത്‌ വസന്തം വിരിയുക തന്നെ ചെയ്യും, നീണ്ട നാളുകളുടെ ത്യാഗങ്ങളുടെയും സമരങ്ങളുടെയും ശേഷം സ്വാതന്ത്രത്തിൻറെയും, നീതിയുടെയും അരുണോദയം ഉണ്ടാവുക തന്നെ ചെയ്യും.
സത്യത്തെ സംരക്ഷിക്കാനും അസത്യത്തിനെതിരെ അണിനിരക്കാനും തയ്യാറാവുമ്പോൾ നിങ്ങളും ജീവിതം കൊണ്ട്  ബദ് രീങ്ങളെ ആദരിക്കുകയാണ്, അനുസ്മരിക്കുകയാണ്.
അതെ നിങ്ങളും എന്നോടൊപ്പം ഒരു 'റാബിയ്യ അദബിയ്യ' സമരക്കാരനാവുക!...









കൂടുത്തൽ വാർത്തകൾ ചിത്രങ്ങൾ :


No comments: